മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചു

മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണം അതിന് ശേഷം കേരളത്തിലേക്ക് പോകാമെന്നാണ് സുപ്രിംകോടതി ഉത്തരവിൽ പറയുന്നത്.രാജ്യവ്യാപകമായി വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും ജാമ്യം നൽകരുതെന്നും യുപി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.