ശിവസേനയിലെ അധികാരത്തര്‍ക്ക ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ശിവസേനയിലെ അധികാര തര്‍ക്കവും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. വ്യാഴാഴ്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് പ്രഖ്യാപിച്ച് ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏകനാഥ് ഷിന്‍ഡെ നല്‍കിയ അപേക്ഷയില്‍ ഉത്തരവിറക്കരുതെന്ന് ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.