കനത്ത മഴ, മിന്നൽ പ്രളയം; വടക്കേ ഇന്ത്യയിൽ മരണം അമ്പതായി, മധ്യപ്രദേശിൽ 39 ജില്ലകളിൽ റെഡ് അലർട്ട്

വടക്കേ ഇന്ത്യയിൽ മഴക്കെടുതികൾ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. മിന്നൽ പ്രളയവും കനത്ത മഴയും ജനജീവിതം താറുമാറാക്കിയ ഹിമാചലിൽ മാത്രം 27 പേർ മരിച്ചു. മഴ ഏറ്റവും ശക്തമായ ശനിയാഴ്ച മാത്രം ഹിമാചലിൽ 21 പേരാണ് മരിച്ചത്. 7 വീടുകൾ തകർന്നു. നൂർപൂർ ഗ്രാമത്തിലാണ് മഴയിൽ വീടുകൾ തകർന്നത്. വീടുകളിൽ ഉണ്ടായിരുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് 96 റോഡുകളിൽ ഗതാഗതം നിലച്ചു. ഇവിടം ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.