അഭിമാനം പണയം വയ്ക്കാനില്ലെന്ന് സോണിയയോട് ആനന്ദ് ശർമ, സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു

കോൺഗ്രസിന് തിരിച്ചടിയായി വീണ്ടും മുതിർന്ന നേതാവിന്റെ രാജി. ആനന്ദ് ശർമ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശർമ കത്ത് നൽകിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളിൽ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമർശിച്ചാണ് രാജി. അഭിമാനം പണയം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹിമാചലിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശർമ സോണിയയെ അറിയിച്ചു.