Latest News

ഷാങ്ഹായി കോർപറേഷൻ യോഗം; നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിൽ

ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകൾ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തിൽ അറിയിപ്പുണ്ടായിട്ടില്ല.ഇരുപത് വർഷത്തോളം നീണ്ട എസ്‍സിഒ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവ‍ർത്തനങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.

സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ; ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കൾ

സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ . ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. അയൽ ഗ്രാമത്തിലെ മൂന്നുപേർ ചേർന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. അതേസമയം പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികൾ ഏറ്റെടുത്തിട്ടുണ്ട്.

വിദ്യാർത്ഥികൾക്കായി എൻട്രൻസ് കോച്ചിം​ഗ് ക്ലാസുകൾ ആരംഭിച്ച് പട്ടികവർ​ഗ വികസന വകുപ്പ്

പട്ടികവർഗ്ഗ വികസന വകുപ്പ് 2023 KEAM എൻട്രൻസ് പരീക്ഷ എഴുതുന്നതിന് താൽപ്പര്യമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. 2022 മാർച്ചിൽ പ്ലസ് ടു സയൻസ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർദ്ദിഷ്ട പരിശീലനത്തിന്റെ മുഴുവൻ ചെലവ്, താമസം, ഭക്ഷണം എന്നിവയും ഓണം, ക്രിസ്തുമസ് അവധിക്കാലത്ത് രക്ഷിതാവിനെകൂട്ടി വീട്ടിൽ പോയി വരുന്നതിനുള്ള ചെലവും സർക്കാർ വഹിക്കുന്നതാണ്.

ഒരാള്‍ കിടപ്പുമുറിയില്‍, ഒരാള്‍ വാടക ക്വാര്‍ട്ടേഴ്സില്‍; മലപ്പുറത്ത് രണ്ട് യുവാക്കള്‍ ജീവനൊടുക്കി

മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളിലായി 20കാരനും 36കാരനും തൂങ്ങിമരിച്ചു. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എടക്കര താഴെ ഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകന്‍ ശ്രീജിന്‍ ആണ് തന്‍റെ മുറിയില്‍ തൂങ്ങി മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൂക്കോട്ടൂര്‍ വെള്ളൂര്‍ ചെറുക്കാപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ അനൂപ് (36) വാടക ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ചത്. പുല്ലാനൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണര്‍ന്നപ്പോഴാണ് അനൂപിനെ തൂങ്ങിയ നിലയില്‍ കണ്ടത്.

മധു കേസിൽ ഇരുപത്തിയേഴാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. വിചാരണ പുനരാരംഭിച്ചതിന് പിന്നാലെ ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇരുപത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. അതേസമയം രണ്ട് സാക്ഷികൾ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയും.