ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു ; മൂന്ന് പേരെ തിരിച്ചറിഞ്ഞു

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. ഒന്നിനു പിന്നില്‍ മറ്റൊന്ന് എന്ന വിധത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് വാഗണര്‍ യാത്രക്കാരായിരുന്ന നാലുപേരുടെ ജീവന്‍ തല്‍ക്ഷണം പൊലിയുന്നതിന് കാരണമായത്.
മരിച്ചവരില്‍ രണ്ടുപേര്‍ പുരുഷന്മാരും രണ്ടുപേര്‍ സ്ത്രീകളുമാണ്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, ആദര്‍ശ്, കൊച്ചി സ്വദേശി ശില്‍പ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഒരാളെ കൂടി തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.