കോടതി വിധിയില്‍ ആശ്വാസമെന്ന് ഉത്രയുടെ പിതാവ്; പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരന്‍

ഉത്ര വധക്കേസില്‍ കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍. ഇതുവരെയുള്ള കോടതി നടപടികളില്‍ സംതൃപ്തിയുണ്ട്. നിഷ്‌കളങ്കയായ മകളെ ചതിച്ചുകൊലപ്പെടുത്തിയതാണ് സൂരജ് എന്നും വിജയസേനന്‍ പറഞ്ഞു. പ്രതി സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ സഹോദരന്‍ വിഷു പ്രതികരിച്ചു. കേസ് അന്വേഷണത്തില്‍ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥരോടും കടപ്പെട്ടിരിക്കുകയാണ്. സൂരജിന് വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും സഹോദരന്‍ പറഞ്ഞു. കോടതി വിധിക്കുശേഷമാണ് ഇരുവരുടെയും പ്രതികരണം.