കുനൂർ ഹെലികോപ്‌ടർ അപകടം,​ പിന്നിൽ അട്ടിമറിയില്ല,​ കാരണം വ്യക്തമാക്കി പ്രാഥമിക റിപ്പോർട്ട്

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് ഇടയാക്കിയ കൂനൂർ ഹെലികോപ്ടർ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അപകടത്തിന് കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം കാരണം കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. അപകടത്തിന് പിന്നില്‍ അട്ടിമറിയോ യന്ത്രത്തകരാറോ അശ്രദ്ധയുമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലാണ് വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്.