വാട്ടർ ടാങ്കിൽനിന്ന് പിടികൂടിയത് എട്ടുകോടിയുടെ നോട്ടുകെട്ടുകള്‍; മധ്യപ്രദേശിൽ വ്യവസായിയുടെ വീട്ടിൽ വൻ റെയ്ഡ്

മധ്യപ്രദേശിൽ വ്യവസായിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് എട്ടുകോടി രൂപ. ദമോഹ് ജില്ലയിലുള്ള വ്യവസായി ശങ്കർ റായിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഭൂഗർഭ അറയിൽ വാട്ടർ ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ജബൽപൂർ ആദായ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണർ മുൻമുൻ ശർമയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പണത്തിനു പുറമെ അഞ്ചു കോടിയുടെ മൂല്യമുള്ള സ്വർണവും സംഘം പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ അഞ്ചിനു തുടങ്ങിയ റെയ്ഡ് 39 മണിക്കൂർ നീണ്ടു. റായുടെ ഉടമസ്ഥതയിലുള്ള പത്തോളം സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു.