രാജ്യത്തെ സാമ്പത്തിക വളർച്ച 13.5 ശതമാനം; ആർബിഐയുടെ പ്രവചനത്തേക്കാൾ താഴെ

2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(GDP) 13.5 ശതമാനം വളര്‍ച്ച നേടിയതായി കണക്കുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ആര്‍ബിഐ പ്രവചിച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 16.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ആര്‍ബിഐ കണക്കാക്കിയിരുന്നത്.

നടൻ ജോജു ജോർജിന്റെ പരാതി: ‘കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ ജോ‍ജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി. കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ദേഹാപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ചുമത്തിയ കുറ്റം കോടതി റദ്ദാക്കിയത്. എന്നാൽ വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സന്ദർശനം; നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ കേരള സന്ദർശത്തിനായി നാളെ കൊച്ചിയിലെത്തും. സന്ദർശനത്തെ തുടർന്ന് നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ പാത അത്താണി ജംഗ്ഷൻ മുതൽ കാലടി മറ്റൂർ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

ദുരിതാശ്വാസം തുടരുന്നു, ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ നാളെ അവധി

പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ( സെപ്റ്റംബർ 1) അവധി. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് വിസ അനുവദിച്ച ദിവസം മുതല്‍ 90 ദിവസം യുഎഇയില്‍ തങ്ങാം. പിന്നീട് ആവശ്യമെങ്കില്‍ 90 ദിവസം കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം.