കുടുംബകേസ്, ഭക്ഷ്യമന്ത്രിയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ട് ഇന്‍സ്പെക്ടര്‍; ഓഡിയോ പുറത്ത്, പിന്നാലെ നടപടി

ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടറെ സ്ഥലം മാറ്റി. ഗിരി ലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്.

ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഗൾഫ് രാജ്യങ്ങൾ

ഇറാനുമായി വിവിധ ഘട്ടങ്ങളിൽ അവസാനിപ്പിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഗൾഫ് രാജ്യങ്ങൾ. ഗൾഫ് മേഖലയിൽ യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശമാണ് പുതിയ നീക്കത്തിലൂടെ രാജ്യങ്ങൾ നൽകുന്നത്. യുഎഇ, കുവൈത്ത് എന്നിവയ്ക്കു പിന്നാലെ സൗദിയും ഇറാനു നേരെ സൗഹൃദത്തിന്റെ കരം നീട്ടുകയാണ്. ഇറാനെതിരെ അറബ് രാജ്യങ്ങളുടെ സൈനിക സഖ്യമുണ്ടാക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണിത്. ഹൂതി വിമതരുടെ ആക്രമണത്തിന്റെ പേരിൽ അവസാനിപ്പിച്ച നയതന്ത്ര ബന്ധം യുഎഇ പുനഃസ്ഥാപിച്ചെങ്കിലും തർക്കങ്ങൾ പരിഹരിച്ചതായി സൂചനയില്ല.

‘ദില്ലി സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു’ ആംആദ്മി പാര്‍ട്ടി

മദ്യനയ കേസില്‍ ബിജെപി ആംആംദ്മി പോര് കടുക്കുന്നു. സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചു.സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യനയം പിന്‍വലിച്ചതിന് മറുപടിയില്ലാത്ത ആംആദ്മി പാര്‍ട്ടി കുറ്റസമ്മതം നടത്തിക്കഴിഞ്ഞെന്ന് ബിജെപി തിരിച്ചടിച്ചു.

ശിവസേനയിലെ അധികാരത്തര്‍ക്ക ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ശിവസേനയിലെ അധികാര തര്‍ക്കവും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. വ്യാഴാഴ്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് പ്രഖ്യാപിച്ച് ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏകനാഥ് ഷിന്‍ഡെ നല്‍കിയ അപേക്ഷയില്‍ ഉത്തരവിറക്കരുതെന്ന് ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.

സ്വപ്ന സുരേഷിന് വേണ്ടി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ഐടി വകുപ്പിലെ ജോലിക്ക് വേണ്ടി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കുന്ന സച്ചിൻ ദാസിനെ അമൃത്സറിൽ നിന്നാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബാബാ സാഹിബ് അംബേക്കർ യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയുടെ വ്യാജ സർട്ടിഫിക്കറ്റാണ് ഇയാൾ സ്വപ്നക്ക് ഉണ്ടാക്കി നൽകിയത്. സ്വർണ കടത്തുകേസിൽ പ്രതിയായതോടെയാണ് സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പെയ്സ് പാർക്കിൽ ജോലി തേടിയതടക്കമുള്ള പല വിവരങ്ങളും പുറത്തുവന്നത്.