വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതിനാല്‍ വി സി നിയമന സമിതിയുടെ ഘടന മാറ്റുന്ന ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിധത്തിലേക്ക് ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്നതിനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആക്കും.

സ്വർണ വില കുറഞ്ഞു: പവന് 120 രൂപ ഇടിവ്

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 38,400 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4800 രൂപയുമാണ് വില. കേരളത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവന് 38,520 രൂപയും, ഒരു ഗ്രാമിന് 4815 രൂപയുമായിരുന്നു വില. ഇതിനും മുമ്പത്തെ മൂന്ന് ദിവസങ്ങൾ കൊണ്ട് ഒരു പവന് 640 രൂപയും, ഒരു ഗ്രാമിന് 80 രൂപയും വർധിച്ചിരുന്നു.

ലോകായുക്ത ബിൽ: എതിർപ്പുമായി സിപിഐ

ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത രൂക്ഷം. ബില്ലില്‍ എതിര്‍പ്പ് അറിയിച്ച് സി.പി.ഐ. മന്ത്രിമാര്‍ രംഗത്തുവന്നു. മന്ത്രിമാരായ കെ.രാജനും പി. പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് അവർ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്. ഈമാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്.

കിഫ്ബി കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി, ഫെമ നിയമം ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി

മസാല ബോണ്ട് കേസിലെ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്‌ബിയുടെ ആരോപണം. ഹർജി സെപ്റ്റംബർ 2ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ സമരം, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. മന്ത്രിസഭാ ഉപസമിതി ചർച്ചയ്ക്ക് മുൻകൈ എടുക്കും. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കർ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാം എന്നും സമരക്കാരെ അറിയിക്കും. അതേസമയം തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കുകയാണ്. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയ‍ർത്തി.