ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു; മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍

ലക്ഷദ്വീപിലെ സ്കൂളുകളില്‍ ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. സ്‌കൂൾ കുട്ടികൾക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും നൽകാനാണ് മാംസാഹാരം ഒഴിവാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും, കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. മഴക്കാലങ്ങളിൽ മാംസാഹാരം കൊണ്ട് വരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. കടുത്ത നഷ്ടമായതിനാൽ ആണ് ഡയറി ഫാം അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

റിസര്‍ച്ച് സ്കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിന്, അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി; നിർണായക രേഖ പുറത്ത്

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖ പുറത്ത്. നിയമന റാങ്ക് ലിസ്റ്റിൽ പ്രിയ വർഗീസ് ഒന്നാമതെത്തിയത് ക്രമവിരുദ്ധമായിട്ടാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഉദ്യോഗാർത്ഥികളിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോർ പ്രിയ വർഗീസിനാണ്. എന്നിട്ടും അഭിമുഖത്തിൽ ലഭിച്ച ഉയർന്ന മാർക്കാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാൻ കാരണമെന്ന് രേഖയിൽ നിന്ന് വ്യക്തമാകുന്നു.

മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങി സർക്കാർ

മുഖ്യമന്ത്രിക്ക് പിന്നാലെ സംസ്ഥാന മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ക്കുവേണ്ടിയും പുതിയ കാറുകള്‍ വാങ്ങാൻ തീരുമാനിച്ചു. പുതിയ പത്ത് കാറുകള്‍ വാങ്ങാനായി സംസ്ഥാന സര്‍ക്കാര്‍ 3.22 കോടി രൂപ അനുവദിച്ചു. പുതുതായി വാങ്ങുന്നത് ടൊയോട്ട ഇന്നോവ ക്രിസറ്റ കാറുകളാണ്. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് നിലവിലെ വാഹനങ്ങള്‍ അപര്യാപ്തമായതിനാലാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ പഴയ വാഹനം കണ്ടം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിൽ ആദ്യം മുതല്‍ തന്നെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണന് അപ്രതീക്ഷിത സ്ഥലംമാറ്റം. ചെന്നൈയിൽ 10 ദിവസത്തിനകം ജോയിൻ ചെയ്യാനാണ് അദ്ദേഹത്തിന് നിർദേശം നൽകിയിരിക്കുന്നത്. പകരം ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല.

‘അർത്ഥം മനസിലാവാത്തവരോട് സഹതാപം’; ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ

ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റില്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് “ആസാദ് കാശ്മീർ”എന്നെഴുതിയത്. ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. പാക്കധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ ടി ജലീൽ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.