ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ ആയിരം രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ്. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനും ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട‍ർന്നാണ് തീരുമാനം.

നിതി ആയോഗ് യോഗം ബഹിഷ്ക്കരിച്ച് ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍, പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത്

നിതി ആയോഗ് യോഗം ബഹിഷ്ക്കരിച്ച് ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍. ബിജെപിയുമായുള്ള ഭിന്നതയിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം ബഹിഷ്ക്കരിക്കുന്നത്. സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുന്നുവെന്നാരോപിച്ചാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വിട്ടുനില്‍ക്കുന്നത്. പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് ചന്ദ്രശേഖര് ‍ റാവു കത്തയക്കുകയും ചെയ്തു. നാളെ ദില്ലിയില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

അമ്പലങ്ങളിലെ വരുമാനം സർക്കാർ ചെലവഴിക്കുകയാണെന്ന പ്രചാരണം തെറ്റ്: മുഖ്യമന്ത്രി

അമ്പലങ്ങളിലെ വരുമാനമെടുത്ത്‌ സർക്കാർ ചെലവഴിക്കുകയാണെന്ന ചിലരുടെ പ്രചാരണം ബോധപൂർവവും വസ്‌തുതാ വിരുദ്ധവുമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ 1720 കോടിയാണ്‌ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സംസ്ഥാന ഖജനാവിൽ നിന്നും ചെലവഴിച്ചത്‌. ഈ സർക്കാരിന്‌ ദേവസ്വം ബോര്‍ഡുകളോടുള്ള കരുതല്‍ അത്രത്തോളം വലുതാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ത്രിസപ്‌തതി ആഘോഷങ്ങൾ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള തീരത്ത് ഇന്ന് മീൻപിടിത്തത്തിന് തടസ്സമില്ല ; ജാഗ്രത തുടരണം

കേരള തീരത്ത് മത്സ്യബന്ധനത്തിന് ഇന്ന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. നേരത്തെ, ഇന്ന് മുതൽ ഓഗസ്റ്റ് 10 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 10 വരെ, മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കെ. കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ വിശദീകരണം ഗവര്‍ണര്‍ തേടി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍. പ്രിയ വര്‍ഗീസിന്റെ അധ്യാപക നിയമനം ചട്ടവിരുദ്ധമെന്ന പരാതിയിലാണ് ഗവര്‍ണറുടെ നടപടി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപക പരിചയമില്ലാത്ത പ്രിയാ വര്‍ഗീസിന് ചട്ടം ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കിയെന്നാണ് പരാതി.