മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി; നിയമസഭയിൽ മഹാസഖ്യം ഭൂരിപക്ഷം തെളിയിക്കുമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. അതേസമയം, മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ ശരദ് പവാർ, വിമത എംഎൽഎമാർ മുംബൈയിൽ തിരികെ എത്തിയാൽ സാഹചര്യം മാറുമെന്നും പറഞ്ഞു. അതിനിടെ, രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ദില്ലിക്ക് പോകും എന്നാണ് റിപ്പോര്‍ട്ട്. അമിത് ഷായും ആയി കൂടിക്കാഴ്ച നടത്തും.

അനധികൃതമായി കടത്തിയ 350 കുപ്പി വിദേശ മദ്യം പിടികൂടി, സംഭവം ചാലക്കുടി കോടതി ജംങ്ഷനിൽ

ചാലക്കുടി കോടതി ജംങ്ഷനിൽ അനധികൃതമായി കടത്തിയ 350 കുപ്പി വിദേശമദ്യം പിടികൂടി. രാവിലെ ഏഴ് മണിയോടെയാണ് വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്നും വിദേശ മദ്യം പിടികൂടിയത്. മാഹി സ്വദേശി രാജേഷ് എന്നയാളുടെ വാഹനത്തിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന മദ്യം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി.സമാനമായ രീതിയിൽ നിരവധി പ്രാവശ്യം ഇയാൾ മദ്യം കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് സജി ചെറിയാൻ

ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേടിൽ മന്ത്രി സജി ചെറിയാൻ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. മത്സ്യഫെഡിന്‍റെ കൊല്ലം ശക്തികുളങ്ങര കോമണ്‍ ഫിഷ്‌ പ്രോസസിംഗ് സെന്‍ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ശുപാർശ. വകുപ്പ് തല പ്രാഥമിക അന്വേഷണത്തില്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനും മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താനുമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടി, ഭാര്യയും തൊഴിലുടമയും ചേർന്ന് തിരിച്ച് വെട്ടി; മൂന്ന് പേർക്കും പരിക്ക്

പാലക്കാട് ജില്ലയിലെ മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. നെണ്ടൻ കിഴായയിലാണ് സംഭവം. ആയുർവേദ മരുന്ന് നിർമ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ എന്നിവർക്കും സുധയുടെ ഭർത്താവ് രാമനുമാണ് വെട്ടേറ്റത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 3981 പേർക്ക് കൊവിഡ്; 7 മരണം

സംസ്ഥാനത്ത് ഇന്ന് 3981 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കാല്ലത്ത് രണ്ട് പേരും തിരുവനന്തപുരം എറണാകുളം പാലക്കാട് ജില്ലകളിൽ ഒരോരുത്തരും മരണപ്പെട്ടു.