ബൈച്ചുംഗ് ബൂട്ടിയയും കല്യാൺ ചൗബേയും മുഖാമുഖം; അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 85 വർഷത്തിനിടെ ആദ്യമായി ഒരുമുൻതാരം പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. മുൻതാരങ്ങളായ ബൈച്ചുംഗ് ബൂട്ടിയയും കല്യാൺ ചൗബേയുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മോഹൻ ബഗാന്‍റെയും ഈസ്റ്റ് ബംഗാളിന്‍റേയും ഗോൾകീപ്പറായിരുന്ന ചൗബേ ബിജെപി പിന്തുണയോടെയാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും. സംസ്ഥാന അസോസിയേഷനുകളുടെ 34 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുക്കുക.

റോഡ് സേഫ്റ്റി സീരീസ്; ഇന്ത്യൻ ടീമിനെ സച്ചിൻ നയിക്കും

റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ രണ്ടാം എഡിഷനിൽ ഇന്ത്യൻ ലെജൻഡ്സിനെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ നയിക്കും. കഴിഞ്ഞ സീസണിൽ സച്ചിൻ്റെ തന്നെ നായകത്വത്തിൽ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താനായാണ് ഇറങ്ങുന്നത്. കാൺപൂർ, റായ്‌പൂർ, ഇൻഡോർ, ഡെറാഡൂൺ എന്നീ നഗരങ്ങളിൽ സെപ്തംബർ 10 മുതൽ ഒക്ടോബർ 1 വരെയാണ് ടൂർണമെൻ്റ്, കാൺപൂരിലാണ് ഉദ്ഘാടന മത്സരം. റായ്പൂരിൽ രണ്ട് സെമിയും ഫൈനലും നടക്കും.

ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിൽ; ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും

ഐഎസ്എൽ 2022-23 സീസൺ മത്സരക്രമം പുറത്തുവന്നു. ഈ വർഷം ഒക്ടോബർ ഏഴിന് ലീഗ് ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും.

ഫ്രഞ്ച് പ്രതിരോധതാരം വെസ്ലി ഫോഫാനയെ സ്വന്തമാക്കി ചെല്‍സി

ഫ്രാന്‍സിന്റെ പ്രതിരോധതാരം വെസ്ലി ഫോഫാനയെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സി. ലെസ്റ്റര്‍ സിറ്റിയില്‍ നിന്നാണ് ഫോഫാന ചെല്‍സിയിലെത്തുന്നത്. ഏകദേശം 646 കോടി രൂപ മുടക്കിയാണ് ചെല്‍സി ഫോഫാനയെ റാഞ്ചിയത്. 21 കാരനായ ഫോഫാന ഏഴുവര്‍ഷത്തെ കരാറിലാണ് ചെല്‍സിയിലെത്തുന്നത്. പുതിയ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെല്‍സി ടീമിലെത്തിക്കുന്ന മൂന്നാമത്തെ പ്രതിരോധതാരമാണ് ഫോഫാന. നേരത്തേ നാപ്പോളിയില്‍ നിന്ന് വെറ്ററന്‍ താരം കലിദോ കൗലിബാലിയെയും ബ്രൈട്ടണില്‍ നിന്ന് മാര്‍ക്ക് കുക്കുറെല്ലയേയും ചെല്‍സി ടീമിലെത്തിച്ചിരുന്നു.

പാകിസ്താനെതിരായ പ്രകടനം തുണച്ചു; ഹാര്‍ദിക്കിന് റാങ്കിങ്ങില്‍ നേട്ടം

ഐ.സി.സിയുടെ ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങിയതോടെയാണ് ഹാര്‍ദിക് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്.