രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്; പിന്നിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്. മന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയർന്നു. ഷൂ എറിഞ്ഞ പ്രവർത്തകർ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ വിമർശിച്ച് മന്ത്രി അശോക് ചന്ദ്ന രം​ഗത്തെത്തി. തനിക്ക് നേരെ ഷൂ എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

‘അമിത് ഷാ ഉപയോ​ഗിക്കുന്നത് 2.5 ലക്ഷത്തിന്റെ സൺ​ഗ്ലാസുകൾ,മഫ്ലറിന് 80,000 രൂപ’; അശോക് ​ഗെഹ്ലോട്ട്

ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോട്ട്. രാഹുൽ ​ഗാന്ധിയുടെ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയുളള തർക്കത്തിനിടെയാണ് ബിജെപിയെ വിമർശിച്ച് അശോക് ​ഗെഹ്ലോട്ട് രംഗത്തെത്തിയത്. ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വൻ ജനപിന്തുണയിൽ ആശങ്കയിലാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ​ഗെഹ്ലോട്ട് വിമർശിച്ചു.

ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോ​ഗ് സംസ്ഥാനങ്ങളിലേക്കും  

ആസൂത്രണ ബോർഡിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന നിതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കും. സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോഗ് നിലവിൽ വരും. വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണവും ലക്ഷ്യമിട്ടാണ് മാറ്റം. ആദ്യഘട്ടത്തിൽ പത്തോളം സംസ്ഥാനങ്ങളിൽ നടപ്പാക്കും. 2023 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും നിതി ആയോഗ് നിലവിൽ വരും.

സെക്കന്തരാബാദിൽ തീപിടുത്തം , ഏഴ് മരണം , അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തെലങ്കാനയിലെ സെക്കന്തരാബാദിൽ തീപിടുത്തത്തിൽ ഏഴ് മരണം . നിരവധിപേർക്ക് പൊള്ളലേറ്റു. ഇവരെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി . ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ആണ് തീപിടുത്തം ഉണ്ടായത് . ഷോർട്ട്സെർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം . മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉണ്ട്. ഇലക്ട്രിക് ബൈക്ക് ഷോറൂമിന്‍റെ മുകളിലെ ലോഡ്ജിൽ താമസിച്ചിരുന്നവർ അടക്കമാണ് മരിച്ചത്. തീപിടിത്തത്തിനെ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച 9 പേർക്ക് പരിക്കേറ്റിട്ടുണ്ട് . സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടൻ; നിർമലാ സീതാരാമൻ

പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. എല്ലാ മേഖലയിലും കൂടിയാലോചനകൾ നടത്തിയായിരിക്കും ബിൽ കൊണ്ടുവരികയെന്നും നിർമലാ സീതാരാമൻ പറഞ്ഞു. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. വിവര സംരക്ഷണ ബില്ലിന്റെ പുതിയ പതിപ്പ് മന്ത്രാലയം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.സൈബർ നിയമങ്ങളിൽ സമ്പൂർണ ഭേദഗതി കൊണ്ടുവരുമെന്നും പുതിയ ടെലികോം ബിൽ ഉടൻ അവതരിപ്പിക്കുമെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു.