മങ്കിപോക്സിന്റെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തി

യുകെയില്‍ മങ്കിപോക്സിന്‍റെ പുതിയൊരിനം കൂടി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതുവരെ കണ്ടെത്തിയ കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വൈറസ് . പുതിയ ഇനത്തിന്‍റെ ലക്ഷണങ്ങള്‍, രോഗതീവ്രത എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.വെസ്റ്റ് ആഫ്രിക്കയില്‍ പോയി തിരികെയെത്തിയ ആളിലാണ് രോഗം കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വെസ്റ്റ് ആഫ്രിക്ക- സെൻട്രല്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണെമന്നാണ് യുകെ നാഷണല്‍ ഹെല്‍ത്ത് ഏജൻസി അറിയിക്കുന്നത്.

ചൈനയുടെ എച്ച്പിവി വാക്സിൻ 100 ​​ശതമാനം ഫലപ്രദമെന്ന് പഠനം

ചൈന വികസിപ്പിച്ച ആദ്യത്തെ എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനായ സെക്കോലിൻ ഫലപ്രദം. പ്രായപൂർത്തിയായ സ്ത്രീകൾക്ക് രണ്ട് തരം വൈറസുകൾക്കെതിരെ പൂർണ്ണ പ്രതിരോധശേഷി നൽകുമെന്ന് പഠനത്തിൽ പറയുന്നു. സിയാമെൻ യൂണിവേഴ്‌സിറ്റിയും സിയാമെൻ ഇന്നോവാക്‌സും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. യുഎസിനും യുകെയ്ക്കും ശേഷം സ്വതന്ത്രമായ സെർവിക്കൽ കാൻസർ വാക്‌സിൻ വിതരണം ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന മാറി.

പേവിഷ വാക്‌സിൻ; സഭയിൽ ആരോഗ്യമന്ത്രിയെ തിരുത്തി മുഖ്യമന്ത്രി

പേവിഷബാധക്കെതിരായ വാക്സിൻ സുരക്ഷിതമാണെന്ന ആരോഗ്യമന്ത്രി വീണജോർജിന്റെ നിലപാട് നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രലാബ് പരിശോധിച്ച് അനുമതി നൽകിയ വാക്സിനുകളാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ.പൊതുജനങ്ങളുടെ ആശങ്ക പരിഗണിച്ച് വാക്സിന്റെ ഗുണനിലവാരം ഒരു ഉന്നതതല സമിതി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. വാക്സിൻ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം പോലും സംസ്ഥാനത്തില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി

തെരുവ് നായ കടിച്ചുള്ള മരണം; ഗൗരവമായി പരിശോധിക്കുമെന്ന് വീണ ജോർജ്

തെരുവ് നായ ആക്രമണങ്ങൾ ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. സംഭവങ്ങളിൽ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. വാക്സിൻ സംബന്ധിച്ച് അനാവശ്യ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. തെരുവ് നായകളുടെ കടിയേറ്റ് മരണപെട്ടവരിൽ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ല. വാക്‌സിനെടുത്തിട്ടും മരിച്ചവർ തലച്ചോറിലേക്ക് വൈറസ് പെട്ടെന്ന് എത്തുന്നതരത്തിലുള്ള മുറിവ് ഉള്ളവരായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് 8586 പുതിയ കൊവിഡ് കേസുകൾ; 48 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8586 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,43,57,546 ആയി. ഇന്നലെ കൊവിഡ് ബാധിച്ച് 48 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 5,27,416 ആയി. അതേസമയം, ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം സമൂഹമാദ്ധ്യമത്തിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിക്കുന്നത്.