ചോദ്യങ്ങൾ ഉന്നയിക്കുന്ന, സംശയങ്ങൾ പ്രകടിപ്പിക്കുന്ന ശീലം വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കണം: രാഷ്ട്രപതി

ചോദ്യങ്ങൾ ഉന്നയിക്കുകയും സംശയങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലം വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ധ്യാപകരോട് അഭ്യർത്ഥിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു.. അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ദേശീയ അവാർഡുകൾ സമ്മാനിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്തംബർ 5 ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമു, രാജ്യത്തുടനീളമുള്ള 45 അധ്യാപകർക്ക് ദേശീയ അവാർഡുകൾ സമ്മാനിച്ചു.

രാജ്യത്തെ 14, 500 സ്കൂളുകൾ ആധുനിക രീതിയിൽ നവീകരിക്കും; പ്രധാനമന്ത്രി

പിഎം ശ്രീ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ 14, 500 സ്കൂളുകൾ നവീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സ്‌കൂളുകളെ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റും. പ്രധാനമന്ത്രി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “ ഇന്ന്, അധ്യാപക ദിനത്തിൽ ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും സാധ്യമാക്കും “ . – അദ്ദേഹം ട്വീറ്റ് ചെയ്തു.

‘യൂണിഫോം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം’; ഹിജാബ് കേസില്‍ സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്‍റെ കാര്യത്തില്‍ കോളേജ് ഡെവലപ്മെന്‍റ് കമ്മറ്റികൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. കർണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള സർക്കാർ നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു വിവിധ സംഘടനകളും വ്യക്തികളും ഹർജി നല്‍കിയത്. ഹിജാബ് ധരിക്കുന്നതില്‍ കേരള ഹൈക്കോടതി അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കേസ് ഇനി ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

യുക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം: വ്യത്യസ്ത നിലപാടുകളുമായി മന്ത്രാലയങ്ങള്‍

യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂലം പഠനം മുടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യത്തില്‍ അനുകൂലമായ പ്രതികരണം വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. സുപ്രീംകോടതിയെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം അറിയിക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി വേണമെന്ന് തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

എന്‍എസ്എസിന് അവകാശപ്പെട്ട 15 ശതമാനം സീറ്റുകള്‍ കൈക്കലാക്കിയെന്ന പരാതി: സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന് നോട്ടിസ്. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആണ് എന്‍എസ്എസിന്റെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.